Wednesday, August 15, 2007

റൂട്ടര്‍

രണ്ട് നെറ്റ്വര്‍ക്കുകള്‍ക്കിടയിലൂടെ ഡേറ്റയ്ക്ക് ഏറ്റവും എളുപ്പം സഞ്ചരിക്കാന്‍ സാധിക്കുന്ന വഴി കണ്ടുപിടിക്കുന്നതിനുള്ള ഉപകരണമാണ് റൂട്ടര്‍. റൂട്ടര്‍ പല കംപ്യൂട്ടര്‍ ശ്രംഘലകളെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ഉദാഹരണത്തിന് പ്രാദേശിക കംപ്യൂട്ടര്‍ ശ്രംഘലയും(LAN) ആഗോള കംപ്യൂട്ടര്‍ ശ്രംഘലയും(WAN) തമ്മില്‍ ബന്ധിപ്പിക്കാന്‍ റൂട്ടര്‍ ഉപയോഗിക്കുന്നു. വയര്‍ലെസ്സ് റൂട്ടറുകളും വയേര്‍ഡ് റൂട്ടറുകളും ലഭ്യമാണ്.

പ്രവര്‍ത്തനം

രണ്ട് കംപ്യൂട്ടര്‍ ശ്രംഘലകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ഉപകരണമാണ് റൂട്ടര്‍. അടിസ്ഥാനപരമായി ഒരേ ജോലിയാണ് ചെയ്യുന്നതെങ്കിലും പലതരത്തിലുള്ള റൂട്ടറുകള്‍ ഇന്ന് ലഭ്യമാണ്. റൂട്ടര്‍ ഒരു കംപ്യൂട്ടര്‍ തന്നെയാണ്. റൂട്ടിങ്ങിനു വേണ്ടി സജ്ജമാക്കിയിരിക്കുന്ന സോഫ്റ്റ് വെയറുകളും ഹാര്‍ഡ് വെയറുകളും ചേര്‍ന്ന ഒരു കംപ്യൂട്ടറാണ് റൂട്ടര്‍ എന്ന് വേണമെങ്കില്‍ പറയാം. ഓപറേറ്റിങ് സിസ്റ്റം, മെമ്മറി(RAM), എന്‍.വി റാം(NVRAM), ഫ്ലാഷ് മെമ്മറി(flash memory) ഒന്നോ അതില്‍ക്കൂടുതലോ പ്രോസസറുകള്‍ തുടങ്ങിയവയാണ് ഒരു റൂട്ടറിന്റെ പ്രധാന ഘടകങ്ങള്‍. സിസ്കോയുടെ ഐ.ഒ.എസ്(IOS), ജൂണിപര്‍ നെറ്റ്വര്‍ക്സിന്റെ ജുണ്‍ ഒ.എസ്(JunOS) എക്സ്ട്രീം നെറ്റ്വര്‍ക്സിന്റെ എക്സ് ഒ.എസ്(XOS) തുടങ്ങിയവയാണ് പ്രധാന റൂട്ടര്‍ ഓപറേറ്റിങ് സിസ്റ്റങ്ങള്‍. എക്സ്.ഒ.ആര്‍.പി(XORP), ക്വാഗ്ഗാ(Quagga‌) തുടങ്ങിയ സോഫ്റ്റ് വെയറുകള്‍ ഉള്ള കംപ്യൂട്ടറുകള്‍ക്കും റൂട്ടറുകളായി പ്രവര്‍ത്തിക്കാന്‍ സാധിക്കും

നിയന്ത്രണ തലം(Control Plane), പ്രസരണ തലം(Forwarding Plane) എന്നീ രണ്ട് തലങ്ങളിലാണ് റൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. നിയന്ത്രണ തലത്തില്‍ ലഭിച്ച ഡേറ്റ പാക്കറ്റുകള്‍ അവയുടെ നിര്‍ദിഷ്ട ലക്ഷ്യത്തില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. അതുപോലെ തന്നെ പ്രസരണ തലത്തില്‍ ഒരു ശ്രംഘലയില്‍ നിന്ന് ലഭിച്ച ഡേറ്റ വേറൊരു ശ്രംഘലയിലേക്ക് അയക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

റൂട്ടറിനെ കുറിച്ച് മനസിലാകാന്‍ ഒരു ചെറിയ ഉദാഹരണമിതാ. നിങ്ങള്‍ കേരളത്തില്‍ നിങ്ങളുടെ വീട്ടില്‍ ഇരുന്നുകൊണ്ട് ഒരു വെബ് സൈറ്റ് സന്ദര്‍ശിക്കുകയാണ്. ഈ വെബ് സൈറ്റിന്റെ സെര്‍വര്‍ അമേരിക്കയിലാണെന്ന് വിചാരിക്കൂ. ആ സെര്‍വറില്‍ നിന്ന് നിങ്ങളുടെ കംപ്യൂട്ടറിലേക്ക് ഡേറ്റ എത്തിച്ചേരുന്നത് എല്ലാ നെറ്റ്വര്‍ക്കിലൂടെയും കയറിയിറങ്ങിയല്ല. ഓരോനെറ്റ്വര്‍ക്കിലെയും പ്രധാനപ്പെട്ട റൂ‍ട്ടറുകളില്‍ക്കൂടി മാത്രം സഞ്ചരിച്ചാണ്. അതായത് സെര്‍വറില്‍ നിന്ന് നിങ്ങളുടെ കംപ്യൂട്ടറിലേക്ക് ഒരു ഡേറ്റ പാക്കറ്റ് പോരാന്‍ തുടങ്ങിയന്നു വിചാരിക്കൂ. ആദ്യം ആ ഡേറ്റ പാക്കറ്റ് ആ സെര്‍വര്‍ സ്ഥിതിചെയ്യുന്ന ചെറിയ നെറ്റ്വര്‍ക്കിന്റെ റൂട്ടറിലെത്തുന്നു. റൂട്ടര്‍ ഡേറ്റ പാക്കറ്റ് ഏത് അഡ്രസിലേക്കാണ് പോകുന്നതെന്ന് നോക്കും എന്നിട്ട് ആ അഡ്രസ് റൂട്ടിങ് ടേബിളില്‍(routing tables) തിരയും. ഈ അഡ്രസിലേക്ക് പോകേണ്ട ഡേറ്റപാക്കറ്റ് ഇനി ഏത് റൂട്ടറിലേക്കാണ് അയക്കേണ്ടതെന്ന് റൂട്ടിങ് ടേബിളില്‍ നിന്ന് റൂട്ടറിന് മനസിലാക്കാന്‍ സാധിക്കും. ഇങ്ങനെ പല റൂട്ടറുകളില്‍ക്കൂടിസഞ്ചരിച്ചാണ് ഒരു ഡേറ്റപാക്കറ്റ് നമ്മുടെ കംപ്യൂട്ടറില്‍ എത്തുന്നത്. ഈ റൂട്ടറുകള്‍ കണ്ടുപിടിക്കാന്‍ ഒരു എളുപ്പമാര്‍ഗമുണ്ട് അതാണ് [ട്രേസ്റൂട്ട്](traceroute) കമാന്‍ഡ്.

നിയന്ത്രണ തലം

നിയന്ത്രണ തലത്തിലെ റൂട്ടറിന്റെ പ്രവര്‍ത്തനങ്ങള്‍ റൂട്ടിങ് ടേബിള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു. പ്രാദേശിക കംപ്യൂട്ടര്‍ ശ്രംഘലയുടെ ഘടന മനസിലാക്കുന്നതിലൂടെയും അടുത്തുള്ള മറ്റ് റൂട്ടറുകളുമായി ആശയവിനിമയം നടത്തുന്നതിലൂടെയും മറ്റുമാണ് ഇത് സാധിക്കുന്നത്. നെറ്റ്വര്‍ക്കിനെ കുറിച്ചുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ് റൂട്ടിങ് ടേബിള്‍. റൂട്ടിങ് ടേബിളില്‍ അടുത്തുള്ള പ്രധാനപ്പെട്ട റൂട്ടറുകള്‍, അവയുമായി ബന്ധപ്പെട്ട റൂട്ടിങ് ശ്രംഘലകള്‍ തുടങ്ങിയവ ഉണ്ടായിരിക്കും.

പ്രസരണ തലം

ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ഡേറ്റ പാക്കറ്റുകളുടെ പ്രസരണത്തിന് റൂട്ടറുകള്‍ ഒട്ടൊന്നുമല്ല സഹായിച്ചത്. ഓരോ പാക്കറ്റുകളിലും ശേഖരിച്ചു വയ്ക്കേണ്ട ഡേറ്റയുടെ സഞ്ചാരപഥത്തെ കുറിച്ചുള്ള ചില വിവരങ്ങളുണ്ട്. റൂട്ടറുകള്‍ വന്നതോടെ ഈ വിവരങ്ങളുടെ അളവ് കുറഞ്ഞു. പ്രസരിപ്പിച്ച ഡേറ്റ പാക്കറ്റുകളെ കുറിച്ച് ഒരു വിവരവും റൂട്ടര്‍ രേഖപ്പെടുത്തിവയ്ക്കാറില്ല. പക്ഷേ തകരാറ് സംഭവിച്ച പാക്കറ്റുകളെ കുറിച്ചും നഷ്ടപ്പെട്ടുപോയ ഡേറ്റ പാക്കറ്റുകളെ കുറിച്ചും വിവരങ്ങള്‍ സൂക്ഷിക്കാറുണ്ട്.


പലതരം റൂ‍ട്ടറുകള്‍

വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ളിലെ നെറ്റ്വര്‍ക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായും, രണ്ട് വ്യവസായ സ്ഥാപനങ്ങളിലെ നെറ്റ്വര്‍ക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായും, ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്നതിനും മറ്റും റൂട്ടറുകള്‍ ഉപയോഗിക്കാറുണ്ട്. വലിയ റൂട്ടറുകള്‍ സാധാരണ വലിയ നെറ്റ്വര്‍ക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായാണ് ഉപയോഗിക്കുന്നത്. സിസ്കോയുടെ 7600 സീരിസില്‍ പെട്ട റൂട്ടറുകള്‍, ജൂണിപ്പര്‍ T1600, സിസ്കോ സി.ആര്‍.എസ് 1 തുടങ്ങിയവ ഈ വിഭാകത്തില്‍ പ്പെട്ടതാണ്. ചെറിയ ഓഫീസുകള്‍ക്കുവേണ്ടിയാണ് ചെറിയ റൂട്ടറുകള്‍ ഉപയോഗിക്കുന്നത്. ലിങ്ക്സിസ് befsr41 പോലുള്ളവ ഈ വിഭാകത്തില്‍ പെടുന്നവയാണ്.

ചരിത്രം

ഐ.എം.പി(Interface Message Processor) അണ് ആദ്യമാ‍യി റൂട്ടറായി പ്രവര്‍ത്തിച്ച ഉപകരണം. ആദ്യത്തെ ഐ.എം.പി 1969 ആഗസ്ത് 30 ന് യു.സി.എല്‍.എ(UCLA) യില്‍ സ്ഥാപിച്ചു. അര്‍പാനെറ്റിനുവേണ്ടിയായിരുന്നു ഇത് നിര്‍മിച്ചത്. റൂട്ടറുകളും ഐ.എം.പി കളുമാണ് ഇന്നത്തെ ഇന്റര്‍നെറ്റിനെ സാധ്യമാക്കിയത്.

പല പ്രോട്ടോകോളുകളും ഉപയോഗിക്കാന്‍ സാധിക്കുന്ന ആദ്യത്തെ റൂട്ടര്‍ സ്റ്റാന്‍സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലാണ് നിര്‍മിച്ചത്. 1980 -ല്‍ യൂണിവേഴ്സിറ്റിയിലെ ഒരു സ്റ്റാഫ് റിസേര്‍ച്ചറായ വില്ല്യം യീഗറായിരുന്നു ഇതിന്റെ നിര്‍മാതാവ്. ഇന്ന് എല്ലാ നെറ്റ്വര്‍ക്കുകളിലും ഐ.പി(IP) ഉപയോഗിക്കുന്നതിനാല്‍ ഇത്തരം റൂട്ടറുകളുടെ ആവിശ്യം ഇല്ലാതായിട്ടുണ്ട്. ഇന്ന് ഐ.പി വേര്‍ഷന്‍ 6(IPv6) ഉം ഐ.പി വേര്‍ഷന്‍ 4(IPv4) ഉം ഒരേസമയം ഉപയോഗിക്കുന്ന റൂട്ടറുകളെ മള്‍ട്ടിപ്രോട്ടോകോള്‍ റൂട്ടറുകളെന്ന് വിളിക്കാമെങ്കിലും അത് അത്ര അര്‍ത്ഥവത്തല്ല. ആപ്പിള്‍ ടോക്ക്(AppleTalk),ഡി.ഇ.സി നെറ്റ്(DECnet), ക്സീറോക്സ്(Xerox), ഐ.പി(IP) തുടങ്ങിയ പ്രോട്ടോകോളുകളിലെല്ലാം ഒരേ സമയം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നവയാണ് യഥാര്‍ത്ഥ മള്‍ട്ടിപ്രോട്ടോകോള്‍ റൂട്ടറുകള്‍.

4 comments:

മൂര്‍ത്തി said...

വിവരങ്ങള്‍ക്ക് നന്ദി...

Valyettan said...

നന്ദി
തുടര്‍ന്നും എഴുതുമല്ലോ....

Santhosh said...

കൊള്ളാം, ഇനിയും എഴുതുക.

Nikhilvishnupv said...

എല്ലാ വര്‍ക്കൂം ഒരുപാടൊരുപാട് നന്ദി